Sunday, 4 September 2016

............. മരണം.............


ഒരു നേർത്ത കമ്പി തൻ ഹൃദയം തുടിക്കുന്ന -
ലയമായ് വന്നു നീ മുന്നിൽ ..
അറിയാതെ  ആത്മാവിനുള്ളിലെ ജീവന്റെ -
തിരിനാളമൂതി കെടുത്താൻ ...
ഒരു കുഞ്ഞിളം തളിർ ഇറ്റു വീഴുമ്പോലെ ,
മൃദു പദം വച്ചു നീ മെല്ലെ ...
കൊതിതീർന്നു പോകാത്ത എൻ ജീവനെ തേടി -
വരികയാണീ ഭൂതലത്തിൽ ...
ഒരു ശ്വാസ വായുവിൻ കണികയെ പുല്കി നീ , 
പകരം എനിക്കെന്തു തന്നു ...?
വിരഹം വിതുമ്പുന്ന കണ്ണുനീർ തുള്ളിക്ക്‌ -
പകരമായ് നീ എന്തു നല്കി ...?
പരിചിതർ അല്ല നാം പലകുറി കാണുവാൻ 
കരുതിയതാണ് പണ്ടെന്നോ ...
പറയാതെ വന്നു നീ, 
പരിഭവം ചൊല്ലാതെ വരികയായ് ഞാൻ നിന്റെ ഒപ്പം ..
ബലമായ്‌ പിടിച്ചു നീ കൂടെ നടത്തവേ 
നിറയുമെൻ കണ്ണീർ തുളുമ്പി ...
പ്രിയമുള്ളതൊക്കെയും  പിരിയുന്നു ഞാൻ -
നിന്റെ പ്രണയം കൊതിച്ചു കൊള്ളുന്നു ..
മരണമേ ഇന്നു ഞാൻ നിന്നെ വരിക്കുന്നു 
ഹൃദയം നിലക്കുന്ന നേരം ....
വരിക നീ എന്നോടു ചേരുക മന്ദമായ്...
സമയം ആയെന്നു തോന്നുമ്പോൾ വരിക നീ എന്നോടു ചേരുക മന്ദമായ് 
സമയം ആയെന്നു തോന്നുമ്പോൾ...

No comments:

Post a Comment