Sunday, 4 September 2016

..........പടിയിറങ്ങുമ്പോൾ...............



നിനവിൽ ഈറൻ നൊമ്പരം വിട പറയുമീ സായന്തനം .
വ്യഥ നിറഞ്ഞു വിമൂകമായൊരു വീണ മീട്ടും നെഞ്ചകം. പടിയിറങ്ങുകയാണ് നമ്മൾ പിറകിൽ എന്റെ  കലാലയം. 
സുകൃതമാം ഈ ഓർമ്മകൾക്ക് ഒരു കുട പിടിച്ച  മഹാലയം .
മധു പകർന്ന വസന്തമായ്‌ മലരതിൽ വിടർന്നൊരു ശലഭമായ്,
കരളിനുള്ളിൽ ഒളിച്ചുവച്ചൊരു പ്രണയം ഒഴുകിയ  വൈഗയായ്. ചിതറിയോടും ചിന്തകൾക്ക്‌ ചിരാതുമായ്‌ വഴി കാട്ടിയായ്‌, 
ചിതലുതിന്ന മനസിൽ ഉയിരിൻ പുനർ ജനിക്കൊരു മന്ത്രമായ്.
ഇടറി വീഴും കൂട്ടുകാരെ കൈ പിടിച്ചു നടത്തിയും 
ഇരുളുമൂടും വാഴ്‌വിൽ അക്ഷര ദീപ നാളം ഉയർത്തിയും .
അറിവ് തേടും കിളികൾ ആയ് നാം തണലു തേടി അണഞ്ഞതും .
അരിയ സ്നേഹ പൂക്കളാൽ  നാം നവ വസന്തം തീർത്തതും .
ഇവിടെയോ നാം ചിന്തകൾക്ക്‌ ചിലങ്ക കെട്ടിയ മണ്ഡപം .
ഇവിടയോ നാം ജീവതാളം കണ്ടുമുട്ടിയ ഭൂതലം .
ഇവിടെയോ നാം നോവും അന്നവും എത്രയൊ പങ്കിട്ടതും ....
ഇവിടെയൊ നാം  പ്രണയവും അതി വിരഹവും ഉരുവിട്ടതും.
ഗുരുസമസ്തം കണ്ണുനീരാൽ കരളൂറഞ്ഞു കരഞ്ഞതും .
പകുതി എഴുതിയ താളതിൽ   മിഴി പകുതി പൂട്ടി ഇരുന്നതും .
മൊഴിയിലൂറും നൊമ്പരങ്ങൾ മിഴി നിറഞ്ഞു പൊഴിഞ്ഞതും .
അരികിലാരോ വന്നു നിന്നതു പ്രണയം എന്നു മൊഴിഞ്ഞതും  .
അറികയില്ലെന്നാലും ഇന്നത്‌ പിരിയുവാനാവില്ലയോ.  വഴി പിരിഞ്ഞിടും എങ്കിലും 
നാം പിരിയുകില്ലീ സൗഹൃദം.
തിരികെ വന്നില്ലെങ്കിലും നിറ മിഴികൾ ഓതും മംഗളം .
ഇവിടെ നില്പൂ മൌനമായ് ‌ വിരഹാർദ്രം എന്റെ കലാലയം .
പടിയിറങ്ങി പോകിലും നാം തിരികെ എത്തില്ലെങ്കിലും  .
സജലമാം ഈ കണ്‍കളിൽ നിന്നൊരു കണം ഇറ്റിച്ചു നീ   ....
ഹൃദയപൂർവ്വം നന്ദി ചൊല്ലി പതിയെ യാത്ര തുടങ്ങുക ...
ഹൃദയപൂർവ്വം നന്ദി ചൊല്ലി പതിയെ യാത്ര തുടങ്ങുക ...

No comments:

Post a Comment