.................ഓർമയിൽ ഒരുബാല്യം .....................
ഒരു മഷി തണ്ടിന്റെ തണുവു പോൽ ഓർമയിൽ എവിടെയോ തെളിയുന്നു ബാല്യം .... ഒരു പൂ വിരിഞ്ഞു കൊഴിഞ്ഞു പോവും പോലെ എവിടെയോ മറയുന്ന കാലം .....
ഹിമകണം ഇറ്റു വീണുറയുന്ന കറുക തൻ ചെറുനാമ്പിലെ കുളിർ തൊട്ടറിഞ്ഞും...
മൃദു പദം വച്ചു കൊണ്ടീ
ഭൂതലത്തിന്റെ -
നറു സ്നേഹം ഊട്ടുന്ന ചൂടറിഞ്ഞും...
ഒരു പൂമരത്തിന്റെ ചോട്ടിലിരുന്നതും,
ഒരു മഴക്കാറ്റിന്റെ ഈണങ്ങൾ കേട്ടതും ...
ഒരു പുസ്തകതാളിനുള്ളിലെ പീലിതൻ
ചെറു തുണ്ട് പെറ്റു പെരുകും എന്നോര്ത്തതും ...
ഒരു കാട്ടുകൈത തൻ മുള്ളുടക്കി കയ്യിലെവിടെയോ ഇരു തുള്ളി രക്തം പൊടിഞ്ഞതും ...
ഇണയെ പിരിഞ്ഞൊരാ മൈനയെ കണ്ടു
ദുശകുനം എന്നുള്ളിൽ പറഞ്ഞു പേടിച്ചതും ....
ഒരു കാട്ടു ചെടിതന്റെ തണ്ടു കൈത്തണ്ടയിൽ
പതിയെ അമർത്തി പടങ്ങൾ വരച്ചതും ...
മതിലിലെ പായലിൽ നിന്നും അടർത്തിയ
ചെറു മുകുളത്താൽ കളിപ്പോരടിച്ചതും ....
പരൽമീൻ പിടക്കുന്ന പാടത്തിറങ്ങിയാ
ചെളിതന്റെ ഉന്മാദ ഗന്ധം നുണഞ്ഞതും...
നുകമുഴുതു മണ്ണിന്റെ നെഞ്ചം മുറിച്ചതും
ഒരു പിടി ചെമ്പാവുവിത്ത് വിതച്ചതും ....
ഇരു കൈയ്യടിച്ചുകൊണ്ടമ്പല പ്രാകളെ
അകലെ മാനത്തേക്ക് പായിച്ചു വിട്ടതും...
കള പറിക്കുന്നൊരാ കാളിയമ്മ ക്കൊപ്പം
ഒരു നാട്ടുപാട്ടിന്റെ ഈണം പഠിച്ചതും..
കതിരവനുണർന്നിടും പുലർകാല വേളയിൽ കതിരു കൊയ്യാൻ
കറ്റ കെട്ടുവാൻ പോയതും ...
ഒരു വേനലിൻ തീഷ്ണ ശൂന്യതക്കുള്ളിലേക്കൊരു മഴ തുള്ളിയായ് പെയ്തിറങ്ങുന്നതും...
മഴമേഘമാകാശ ദൂരങ്ങളിൽ നിലാമറയത്തു മൌനമായ് മാഞ്ഞു പോകുന്നതും...
ഒരു ശാന്ത സന്ധ്യ തൻ സൗവർണ്ണ ശോഭയിൽ
കരിയിലക്കിളികൾതൻ ചിറകടി ഉയര്ന്നതും ...
അകലെ ആകാശത്തു പറവകൾ ഒരുക്കുന്ന
മിഴിവേറിടും ചലച്ചിത്രങ്ങൾ കണ്ടതും ...
ഇനിയുമുണ്ടെത്രയോ ഓർമ്മകൾ, മാറാല മറയിട്ട ഹൃത്തിലെ സ്മൃതി മണ്ടപങ്ങളിൽ ...
ഇനിയും ചിലങ്കകൾ കെട്ടി വീണ്ടും മഹാ നടനമാടീടുവാൻ ത്രാണിയില്ലാത്തതായ് ...
വരികില്ലൊരിക്കലും ആ ബാല്യ കാലമെന്നരികിൽ നിറം വച്ച പൂക്കളായെന്കിലും ....
പലകുറി മറന്ന പാഴ് കനവുപോലെങ്കിലും വരിക നീ കാലമേ എൻ ബാല്യമോർക്കുവാൻ.....

No comments:
Post a Comment