Tuesday, 6 September 2016

വേർപാട് 


ഒരുപാടു ചൊല്ലുവാനില്ലെങ്കിലും ഒരു വാക്കു മിണ്ടാൻ കൊതിച്ചെങ്കിലും  ഒരുവേള കൊണ്ടു നീ എന്നെ തനിച്ചാക്കി
ഹൃദയ കവാടം അടച്ചു ...                    
 മഴ തോർന്ന സായന്തനങ്ങളിൽ ഓർമ്മകൾ തഴുകുവാൻ കാറ്റായിവന്നു..
ഹിമകണം മൂടിയ ജാലകച്ചില്ല്‌ പോൽ ഹൃദയവും സ്മൃതികളും ഞാനും..   
ഒരു വിരൽത്തുമ്പിനാൽ തഴുകവേ മായുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ  മറുവാക്ക് ചൊല്ലി നീ അകലുന്ന നേരമിന്നെവിടെയോ മറയുന്നുഞാനും....
ഇല പൊഴിഞ്ഞേതോ മരത്തിന്റെ കൊമ്പിലെ കരിയിലക്കിളിയൊന്നു പാടി                          
                സമയമേ നിൻ രഥം ഒരു വേള പിന്നോട്ട് വരുവാൻ കഴിഞ്ഞിരുന്നെങ്കിൽ.  
                            പ്രണയം വിടർന്നോരാ പഴയ വാസന്തത്തിൽ അലിയാൻ കഴിഞ്ഞിരുന്നെങ്കിൽ ....  
  അവിടെ ഞാൻ ഒറ്റയാവില്ല.
    അവിടെന്റെ പൂക്കൾ വാടില്ല ..
        അവിടെന്റെ നൊമ്പരം ആളിപ്പടർന്നശ്രു പൊഴിയുന്ന മിഴികളാവില്ല
                        ഇനിയീ പഴമ്പാട്ടിനാർത്ഥമില്ലെങ്കിലും  ഇടറും ഹൃദന്തമേ പാടു...  
                  ചെവി തരാൻ ശ്രോതാക്കൾ ഇല്ലെങ്കിലും കാറ്റിൽ 
                അലിയാം അലിഞ്ഞിടാം മൂകം ...

.....വിടപറയും ഈറൻ നിലാവേ നിനക്കെന്റെ ഹൃദയം ചൊല്ലുന്നു നന്ദി.........


 


ഒടുവിൽ ഈ വർഷത്തിൻ അന്ത്യ യാമാത്തിലെൻ
അരികിൽ നീ മാത്രം എത്തി 
കളി പറഞ്ഞെന്നോട് കൂടെ നടന്നവർ
വഴി മറന്നെന്നെ പിരിഞ്ഞു
സ്മൃതികളിൽ മറവിതൻ മേലാപ്പ് ചാർത്തിയെൻ
മുഖമവർ പാടെ മറച്ചു
എന്റെ വാക്കിന്നായ് കാതുകൾ തന്നവർ എന്റെ നോട്ടത്തിലൂടൂർജ്ജം നിറച്ചവർ എൻ നിഴൽ പോലേ എന്നെ തുടർന്നവർ
എന്റെ രക്തത്തിനു ദാഹിച്ചു നിന്നവർ
എന്നെ ഒറ്റി ക്കൊടുത്തവർ  വാക്കിനാൽ എൻ മനസ്സിനെ  കുത്തിനോവിച്ചവർ     
എന്നെവിട്ടു പിരിഞ്ഞു പോവില്ലെന്നു
കണ്‍ നിറഞ്ഞു കരഞ്ഞു പറഞ്ഞവർ
എന്ടെ നൊമ്പരപ്പൂക്കളെ തൊട്ടവർ
എന്റെ ചിന്തക്ക് ജീവൻ പകർന്നവർ
എന്റെ വാക്കിനു ശബ്ദമായ് തീർന്നവർ
എന്റെ ജീവനും ആത്മാവുതന്നവർ
ഇന്നു രാവിന്റെ നെഞ്ചിൽ മയങ്ങിടും ചന്ദ്ര ലേഖ പോൽ എൻ മനസാക്ഷിയും ..
മിന്നി മാഞ്ഞും തെളിഞ്ഞും നിലാവിന്റെ മഞ്ഞു പാളിയിൽ പുഞ്ചിരിതൂകവേ
പിന്തിരിഞ്ഞു ഞാൻ മൌ നമായ് നോക്കവേ പിന്നിലാരെയും കണ്ടില്ല കൂട്ടിനായ്   ഇന്നു രാത്രി കൊഴിഞ്ഞു പുത്‌വർഷ മിന്നു വന്നു നിറഞ്ഞു നന്ദി ചൊല്ലുന്നു ഞാൻ എന്റെ കൂട്ടിനായ് വന്ന വന്നൊരീറൻ നിലാ  മഞ്ഞുതുള്ളിയെ

 

......................................സ്വരം.................................................. 

 

ദൈവമേ നീയെന്ന രൂപമെന്താകിലും ദൈവമേ നിൻ നാദം ഏതുസ്വരമാകിലും                   
       ദൈവമേ നിൻ സ്നേഹ ഭാവമെന്താകിലും                       
 ദൈവമേ നീയാണു സത്യം കർമ്മബന്ധങ്ങളും കാലദോഷങ്ങളും നമ്മെ ചുഴറ്റുന്ന കാലം               
സർവ്വനാശങ്ങളും സങ്കടഭാവവും വന്നു നിറയുന്ന നേരം ...        
 ഒന്നുമറിയാത്ത കാര്യങ്ങളിൽ പോലും എൻ മനം നീറി മുറിവേൽക്കേ എന്താണ് പോംവഴി എന്നു കണ്ടീടുവാൻ വയ്യാതനങ്ങാതെ നിൽക്കേ                        തെല്ലൊരാശ്വാസമായി  കാറ്റിൻ കരങ്ങളായ് വന്നു നീ മെല്ലെ തലോടി ഉണ്മയെ ഉൾക്കൊണ്ടു കൺതുറന്നങ്ങനെ
 മുന്നോട്ടു നീങ്ങാൻ പറഞ്ഞു                                 
  ഇന്നൊരു രാപകൽ കൊണ്ടൊരീ ജീവിതം മണ്ണടിഞ്ഞീടില്ല ഭൂവിൽ.  
  ഇന്നത്തെ ദുഃഖം ഒരിക്കലും വറ്റാത്ത കണ്ണീർ പ്രവാഹവുമല്ല ... ഋതുഭേദമെത്തിടുമ്പോലെ നിൻ ജീവനിൽ സുഖ ദുഃഖമൊഴുകിയെത്തുമ്പോൾ ഹൃദയേശ്വരൻ തന്ന നിയതിയാണിതു സർവം
 -അതുമാത്രം ഓർമ്മിച്ചിരിക്ക ഹൃദയം തുറന്നു നീ പ്രാർത്ഥന ചെയ്യുക- 
ഒരു ദിനം നീ പുഞ്ചിരിക്കും.. എവിടെയും എപ്പോഴുമെന്നിലും നിന്നിലും നിറയുന്ന ദൈവം തുണക്കും..                                   
പല നാമമെങ്കിലും പലർ വാഴ്ത്തുമെങ്കിലും പലതല്ല    
ദൈവമാം സത്യം  ...                     
 അതു നിന്റെ ജീവനിൽ തണലായിടാൻ വേഗം ഇടയാവണേ . 
എന്നാഗ്രഹിക്കാം

 

Monday, 5 September 2016

 ...... ഉണർത്തുപാട്ട്......



ഇനിയും സന്ദ്യകൾ ഇതുവഴി എത്തും
പകലോൻ കടലിൽ പോയ്മറയും 
ഇനിയും രക്തം കൈകളിൽ ഒഴുകും 
പുതു മാമാങ്കം അരങ്ങേറും .. പ്രതികാരത്തിൻ വാൾ മുന ഏന്തും 
യുവ ചേതന തുടി കൊട്ടീടും.... മരണമൊരിക്കൽ വന്നീടും 
അതിൽ ഭയമില്ലൊട്ടും അറിഞ്ഞീടു..
സ്മരണകൾ മീട്ടും വീണകൾ വേണ്ട
സമരത്തിൻ ശങ്കൊലികൾ മതി .
ഉയിരിൽ ഉണർവു പകര്ന്നീടാൻ ചുടു രകതം ചിന്തിയ മണ്ണ് മതി .
അടിച്ചമർത്താൻ അടിമത്തത്തിൻ കറുത്ത കൈകൾക്കാവില്ല .
പിടിച്ചുയർത്താൻ പോരാടീടാൻ കരുത്തുറഞ്ഞീകൈകൾ മതി.  മിടിക്കുമെന്നും ഹൃദയം നമ്മൾ പകുത്തു പങ്കിട്ടെന്നാലും .
പടുത്തുയർത്തും മാനവസ്നേഹം മരിക്കുവോളം വാനോളം .
ഇനിയീ നാട്ടിൽ അന്നംകിട്ടാ- തൊരു കണ്ണും നീരണിയരുത് . 
ഇനിയീ കുഞ്ഞി കൈകളതൊന്നും  അടിമപ്പണികൾ ചെയ്യരുത് .
തെരുവോരത്തിനി ഉദരം പേറും കുഞ്ഞെടത്തി മരിക്കരുത്‌ .
പടു വാർദക്യം പകച്ചുവീഴും പകലുകൾ പൊട്ടി മുളക്കരുത് .
ഹരിതമുറങ്ങും കാടിൻ മുകളിൽ നിലകൾ കെട്ടി പൊക്കരുത് .
പതഞ്ഞു പായും പുഴതൻ നെഞ്ചിൽ 
പടുകൂറ്റൻ ചിറ കെട്ടരുത് .
പൊരുതുക വീണ്ടും പോരാടുക നീ ജനിച്ച മണ്ണിൽ ജീവിക്കാൻ .
ഒരിറ്റു ദാഹ ജലത്തിന്നായി ഒരു മാറ്റത്തിൻ നീതിക്കായ്‌ ...
നവ ലോകത്തിൻ പിറവിക്കായ് പുതു തലമുറ അന്തിയുറങ്ങാനായ്
മരണം ഒരിക്കൽ തേടി വരും നിൻ ഹൃദയം നിന്നെ കൈവെടിയും  .
അടിമത്തങ്ങളും അവഹേളനവും ചുടുകാട്ടിൽ  വീെണരിയട്ടെ  പുതുസ്നേഹത്തിൻ ചെറു- പൂമ്പാറ്റകൾ 
ഇവിടീ മണ്ണിൽ പാറട്ടെ .....


.................ഓർമയിൽ ഒരുബാല്യം .....................

              
           ഒരു മഷി തണ്ടിന്റെ തണുവു പോൽ ഓർമയിൽ എവിടെയോ തെളിയുന്നു ബാല്യം ....               ഒരു പൂ വിരിഞ്ഞു കൊഴിഞ്ഞു പോവും പോലെ എവിടെയോ മറയുന്ന കാലം .....
ഹിമകണം ഇറ്റു വീണുറയുന്ന കറുക തൻ   ചെറുനാമ്പിലെ കുളിർ തൊട്ടറിഞ്ഞും... 
മൃദു പദം വച്ചു കൊണ്ടീ
ഭൂതലത്തിന്റെ -
നറു സ്നേഹം ഊട്ടുന്ന ചൂടറിഞ്ഞും... 
ഒരു പൂമരത്തിന്റെ ചോട്ടിലിരുന്നതും, 
ഒരു മഴക്കാറ്റിന്റെ ഈണങ്ങൾ കേട്ടതും ... 
ഒരു പുസ്തകതാളിനുള്ളിലെ പീലിതൻ 
ചെറു തുണ്ട് പെറ്റു പെരുകും എന്നോര്ത്തതും ...
ഒരു കാട്ടുകൈത തൻ മുള്ളുടക്കി കയ്യിലെവിടെയോ ഇരു തുള്ളി രക്തം പൊടിഞ്ഞതും ... 
ഇണയെ പിരിഞ്ഞൊരാ മൈനയെ കണ്ടു 
ദുശകുനം  എന്നുള്ളിൽ പറഞ്ഞു പേടിച്ചതും ....
ഒരു കാട്ടു ചെടിതന്റെ തണ്ടു കൈത്തണ്ടയിൽ 
പതിയെ അമർത്തി പടങ്ങൾ വരച്ചതും ...
മതിലിലെ പായലിൽ നിന്നും അടർത്തിയ 
ചെറു മുകുളത്താൽ  കളിപ്പോരടിച്ചതും ....
പരൽമീൻ പിടക്കുന്ന പാടത്തിറങ്ങിയാ 
ചെളിതന്റെ ഉന്മാദ ഗന്ധം നുണഞ്ഞതും... 
നുകമുഴുതു മണ്ണിന്റെ നെഞ്ചം മുറിച്ചതും 
ഒരു പിടി ചെമ്പാവുവിത്ത് വിതച്ചതും ....
ഇരു കൈയ്യടിച്ചുകൊണ്ടമ്പല  പ്രാകളെ 
അകലെ മാനത്തേക്ക് പായിച്ചു വിട്ടതും... 
കള പറിക്കുന്നൊരാ കാളിയമ്മ ക്കൊപ്പം 
ഒരു നാട്ടുപാട്ടിന്റെ ഈണം പഠിച്ചതും..
കതിരവനുണർന്നിടും പുലർകാല വേളയിൽ കതിരു കൊയ്യാൻ 
കറ്റ കെട്ടുവാൻ പോയതും ...
ഒരു വേനലിൻ തീഷ്ണ ശൂന്യതക്കുള്ളിലേക്കൊരു മഴ തുള്ളിയായ് പെയ്തിറങ്ങുന്നതും...
മഴമേഘമാകാശ ദൂരങ്ങളിൽ നിലാമറയത്തു  മൌനമായ്  മാഞ്ഞു പോകുന്നതും...
ഒരു ശാന്ത സന്ധ്യ തൻ സൗവർണ്ണ ശോഭയിൽ 
കരിയിലക്കിളികൾതൻ ചിറകടി ഉയര്ന്നതും ...
അകലെ ആകാശത്തു പറവകൾ ഒരുക്കുന്ന 
മിഴിവേറിടും   ചലച്ചിത്രങ്ങൾ കണ്ടതും ...
ഇനിയുമുണ്ടെത്രയോ ഓർമ്മകൾ, മാറാല മറയിട്ട ഹൃത്തിലെ സ്മൃതി മണ്ടപങ്ങളിൽ ...
ഇനിയും ചിലങ്കകൾ കെട്ടി വീണ്ടും മഹാ നടനമാടീടുവാൻ ത്രാണിയില്ലാത്തതായ് ...
വരികില്ലൊരിക്കലും ആ ബാല്യ കാലമെന്നരികിൽ നിറം വച്ച പൂക്കളായെന്കിലും  ....
പലകുറി മറന്ന പാഴ് കനവുപോലെങ്കിലും വരിക നീ കാലമേ എൻ ബാല്യമോർക്കുവാൻ.....

Sunday, 4 September 2016

............. മരണം.............


ഒരു നേർത്ത കമ്പി തൻ ഹൃദയം തുടിക്കുന്ന -
ലയമായ് വന്നു നീ മുന്നിൽ ..
അറിയാതെ  ആത്മാവിനുള്ളിലെ ജീവന്റെ -
തിരിനാളമൂതി കെടുത്താൻ ...
ഒരു കുഞ്ഞിളം തളിർ ഇറ്റു വീഴുമ്പോലെ ,
മൃദു പദം വച്ചു നീ മെല്ലെ ...
കൊതിതീർന്നു പോകാത്ത എൻ ജീവനെ തേടി -
വരികയാണീ ഭൂതലത്തിൽ ...
ഒരു ശ്വാസ വായുവിൻ കണികയെ പുല്കി നീ , 
പകരം എനിക്കെന്തു തന്നു ...?
വിരഹം വിതുമ്പുന്ന കണ്ണുനീർ തുള്ളിക്ക്‌ -
പകരമായ് നീ എന്തു നല്കി ...?
പരിചിതർ അല്ല നാം പലകുറി കാണുവാൻ 
കരുതിയതാണ് പണ്ടെന്നോ ...
പറയാതെ വന്നു നീ, 
പരിഭവം ചൊല്ലാതെ വരികയായ് ഞാൻ നിന്റെ ഒപ്പം ..
ബലമായ്‌ പിടിച്ചു നീ കൂടെ നടത്തവേ 
നിറയുമെൻ കണ്ണീർ തുളുമ്പി ...
പ്രിയമുള്ളതൊക്കെയും  പിരിയുന്നു ഞാൻ -
നിന്റെ പ്രണയം കൊതിച്ചു കൊള്ളുന്നു ..
മരണമേ ഇന്നു ഞാൻ നിന്നെ വരിക്കുന്നു 
ഹൃദയം നിലക്കുന്ന നേരം ....
വരിക നീ എന്നോടു ചേരുക മന്ദമായ്...
സമയം ആയെന്നു തോന്നുമ്പോൾ വരിക നീ എന്നോടു ചേരുക മന്ദമായ് 
സമയം ആയെന്നു തോന്നുമ്പോൾ...

..........പടിയിറങ്ങുമ്പോൾ...............



നിനവിൽ ഈറൻ നൊമ്പരം വിട പറയുമീ സായന്തനം .
വ്യഥ നിറഞ്ഞു വിമൂകമായൊരു വീണ മീട്ടും നെഞ്ചകം. പടിയിറങ്ങുകയാണ് നമ്മൾ പിറകിൽ എന്റെ  കലാലയം. 
സുകൃതമാം ഈ ഓർമ്മകൾക്ക് ഒരു കുട പിടിച്ച  മഹാലയം .
മധു പകർന്ന വസന്തമായ്‌ മലരതിൽ വിടർന്നൊരു ശലഭമായ്,
കരളിനുള്ളിൽ ഒളിച്ചുവച്ചൊരു പ്രണയം ഒഴുകിയ  വൈഗയായ്. ചിതറിയോടും ചിന്തകൾക്ക്‌ ചിരാതുമായ്‌ വഴി കാട്ടിയായ്‌, 
ചിതലുതിന്ന മനസിൽ ഉയിരിൻ പുനർ ജനിക്കൊരു മന്ത്രമായ്.
ഇടറി വീഴും കൂട്ടുകാരെ കൈ പിടിച്ചു നടത്തിയും 
ഇരുളുമൂടും വാഴ്‌വിൽ അക്ഷര ദീപ നാളം ഉയർത്തിയും .
അറിവ് തേടും കിളികൾ ആയ് നാം തണലു തേടി അണഞ്ഞതും .
അരിയ സ്നേഹ പൂക്കളാൽ  നാം നവ വസന്തം തീർത്തതും .
ഇവിടെയോ നാം ചിന്തകൾക്ക്‌ ചിലങ്ക കെട്ടിയ മണ്ഡപം .
ഇവിടയോ നാം ജീവതാളം കണ്ടുമുട്ടിയ ഭൂതലം .
ഇവിടെയോ നാം നോവും അന്നവും എത്രയൊ പങ്കിട്ടതും ....
ഇവിടെയൊ നാം  പ്രണയവും അതി വിരഹവും ഉരുവിട്ടതും.
ഗുരുസമസ്തം കണ്ണുനീരാൽ കരളൂറഞ്ഞു കരഞ്ഞതും .
പകുതി എഴുതിയ താളതിൽ   മിഴി പകുതി പൂട്ടി ഇരുന്നതും .
മൊഴിയിലൂറും നൊമ്പരങ്ങൾ മിഴി നിറഞ്ഞു പൊഴിഞ്ഞതും .
അരികിലാരോ വന്നു നിന്നതു പ്രണയം എന്നു മൊഴിഞ്ഞതും  .
അറികയില്ലെന്നാലും ഇന്നത്‌ പിരിയുവാനാവില്ലയോ.  വഴി പിരിഞ്ഞിടും എങ്കിലും 
നാം പിരിയുകില്ലീ സൗഹൃദം.
തിരികെ വന്നില്ലെങ്കിലും നിറ മിഴികൾ ഓതും മംഗളം .
ഇവിടെ നില്പൂ മൌനമായ് ‌ വിരഹാർദ്രം എന്റെ കലാലയം .
പടിയിറങ്ങി പോകിലും നാം തിരികെ എത്തില്ലെങ്കിലും  .
സജലമാം ഈ കണ്‍കളിൽ നിന്നൊരു കണം ഇറ്റിച്ചു നീ   ....
ഹൃദയപൂർവ്വം നന്ദി ചൊല്ലി പതിയെ യാത്ര തുടങ്ങുക ...
ഹൃദയപൂർവ്വം നന്ദി ചൊല്ലി പതിയെ യാത്ര തുടങ്ങുക ...