Friday, 8 November 2019

പ്രളയത്തിനൊപ്പം


കരളുറപ്പിനെന്തു ജാതി
അറിയുകില്ല കൂട്ടരെ ....
കടമെടുത്തു കൂട്ടിവച്ചു
പണിത സ്വപ്നമൊക്കെയും
പല വഴിക്കു ചിതറി വീണു
പ്രളയമുമ്മ വെക്കവേ 
പടിയിറങ്ങി പിൻതിരിഞ്ഞു
ഗദ്ഗദം വിതുമ്പുവാൻ
പടിയുമില്ല പണിതു വച്ച
വീടുമില്ല കൂട്ടരെ .
കരുതി വച്ച തൊക്കെയും
കടലെടുത്തു പോകവേ
കടലു പോലെ കരളിനുള്ളിൽ
പെരുകിടുന്ന നൊമ്പരം .
കൈത പൂത്ത വയൽകളിൽ
കടമ്പു ലഞ്ഞ വഴികളിൽ
കൈവഴിക്കിടാങ്ങളാർത്ത്
വന്നലച്ചു നിറയവേ ....
അമ്മയാം പുഴയ്ക്കു നാവ്
മണ്ണിലേക്കിറങ്ങിയോ 
മണ്ണടിഞ്ഞു സർവതും
മുടിഞ്ഞു നാടി തൊക്കെയും.
കണ്ണുനീർക്കരങ്ങളാൽ
തോണിയുന്തി രാത്രി തന്നു -
മ്മറപ്പടിക്കൽ വന്നു
നിൽക്കവേ വിളക്കുമായ്
വന്നതില്ല തിങ്കളും
വിടർന്ന താരകങ്ങളും 
വന്നു മൂടി നിർഗ്ഗളം
കുതിക്കുമീ ജലാശയം .
കാൽകൾ  മൂടി കൈകളും
കഴുത്തതും കഴിഞ്ഞിതാ
മോളിലേയ്ക്ക് മോളിലേയ്ക്ക്
മോളിലേയ്ക്ക് കൂട്ടരെ ....
പുര നിറഞ്ഞു നിന്ന കാലമപ്പൊഴും
പുരയ്ക്കു മേൽ
കയറുവാൻ കഴിഞ്ഞിടാത്ത
ഞാനിതിപ്പോഴിന്നിതാ
പുരമുകളിൽ തൂങ്ങിയാടി
നിന്നിടുന്നു കൂട്ടരേ .
അലമുറകൾ കേട്ടുവോ
അതിന്റെ ജാതി കേട്ടുവോ
വിറയലിൽ അതിന്റെ ഭാഷ
ഒന്നു തന്നെ കൂട്ടരേ .
തരള ഗാത്രിയായവൾ
തണുപ്പ് തന്ന പെണ്ണിവൾ
ഇരവിലുഗ്ര രൂപമാർന്നിറങ്ങി വന്ന
പുഴയിവൾ .
പെരുകിയാർത്തലച്ചു വന്ന
വഴികളിൽ സമസ്തവും
മഴയൊരുക്കി താണ്ഡവം
പുഴയൊരുക്കി പ്രളയവും.
മരണമെത്തി നോക്കി നിന്നു
പല്ലിളിച്ചു കാട്ടവേ
തളരുകില്ല കൂട്ടരെ
മരിയ്ക്കുകില്ല കൂട്ടരെ ...
പലപ്പോഴായ് പുഴയ്ക്കു നേരെ
നാമെറിഞ്ഞ സകലതും
പിഴച്ചിടാതെ നമ്മിലേയ്ക്ക്
വന്നിടുന്നു കൂട്ടരെ .
നിറച്ചു വച്ച പാനപാത്രവും
തിരിച്ചെടുത്തിതാ
ചിരിച്ചിടുന്നു നിറഞ്ഞു പൊന്തി
വന്നൊരീ ജലാശയം ...
തലക്കു മേലെ മേഘ സഞ്ചി
കെട്ടഴിച്ചു വിട്ട പോൽ
പെരുത്തു പെയ്തിടുന്നു മാരി -
മാറിടാതെ കൂട്ടരെ .
പുരക്കു മേലെ പാതിചത്ത
ഞാനിതാ കിടക്കിലും
മരിക്കുകില്ല മാമഴക്കു
മുന്നിലും ഒഴുക്കിലും ...
ആർത്തലച്ചു കരകവിഞ്ഞ
പുഴകളെത്ര കണ്ടവൻ....
തോർത്തു മുണ്ടുടുത്തു
നീന്തി അക്കരക്കടന്നവൻ:
കൂർത്ത മിന്നലിൻ വെളിച്ചമേന്തി
എത്ര എത്ര രാത്രികൾ
നേർത്ത തോണിയേറി യാത്ര
ചെയ്തതാണ് കൂട്ടരെ .
കാറ്റു വന്നു തള്ളി വീഴ്ത്തി
കായലിൽ മറിഞ്ഞു ഞാൻ
പ്രാണനറ്റു പോകുവാൻ
ഒരുക്കമല്ല കൂട്ടരെ .
പ്രളയ രൂപമാർന്നു വന്ന
പുണ്യമേ പ്രവാഹമേ
പ്രണയമായിരുന്നെനിക്ക്
നിന്റെ കണ്ണുനീർ കണങ്ങളെ ..
മദജലം വമിച്ചു നീ
ഒലിച്ചു വന്നിടുമ്പൊഴും
തളരുകില്ല തകരുകില്ല
എന്നിലുളള ആർജവം .
ഇനിയുമുയരെ എത്തി എന്റെ
ജീവനേറ്റു വാങ്ങുവാൻ
കൊതി നിറച്ചു വന്ന നിന്റെ
ഗതി തിരിച്ചു പോവുക.
പകലുകൾ കൊഴിഞ്ഞിടും
ഇരവുകൾ തെളിഞ്ഞിടും
പ്രളയവും ഒടുങ്ങിടും
അന്നു ഞാനിറങ്ങിടും.
അതുവരേക്കുമിവിടെ
ഈ പുരക്കു മേലിരുന്നു ഞാൻ
കരളുറച്ചു പാടുമന്റെ പുഴകൾ
തന്നപാട്ടുകൾ .
കരളുറച്ചു പാടുമന്റെ പുഴകൾ
തന്നപാട്ടുകൾ .....






Monday, 23 January 2017

നിദ്ര


ഇനിയും ഉറങ്ങാൻ ഇരുൾതന്നോരെൻ
ഇരവേ ചൊല്ലാം നന്ദി  ...
മിഴികൾ പൂട്ടി നിഗൂഢതയേറും
പുതിയൊരു ലോകം കാണാൻ
പതിവായെന്നുടെ അരികിൽ വന്നു
തലോടുകയെന്നെ പതിയെ ...
നമുക്കുനാളെ ഉദയം നീട്ടും
പുതിയദിനത്തിന് നൽകാൻ
ഒരുക്കിവെക്കാം സ്വപ്നംനെയ്യും
പ്രതീക്ഷതൻ കുപ്പായം
കണ്ടുമടുത്ത മുഖങ്ങൾ  മാറ്റാം
കണ്ണീർച്ചാലും മായ്‌ക്കാം
സുന്ദരമേതോ സ്വപ്നത്തിന്റെ
സുഖലാളനയിലുറങ്ങാം ..
ഓർമ്മകളിൽ പണ്ടെങ്ങോ നിർത്തിയ
ഗാനം വീണ്ടും പാടാം
കരിഞ്ഞുണങ്ങിയ കിനാക്കളെല്ലാം
കുളിരാൽ നട്ടു നനയ്ക്കാം ...
വെറുതേ കത്തിയെരിഞ്ഞൊരു പകലിൻ
വെണ്ണീറിട്ടു വളർത്താം ..
മിഴികളിൽ എല്ലാം  ഇന്ദ്രധനുസ്സിൻ
നിറങ്ങൾ വാരി വിതയ്ക്കാം  .
പിടിച്ചുകെട്ടാം സ്മരണകൾ പൂട്ടിയ
സമയ രഥത്തെ വീണ്ടും ...
ഇനിയീ ഇരവിൽ നിദ്രയിലിപ്പോൾ
ഹൃദയം കൊണ്ടു ചലിക്കാം ...
വെയിലിൽ ഓടിത്തളർന്ന പാദം 
ഉറങ്ങിടട്ടേ മൂകം ..... 
  
 

Sunday, 22 January 2017

വീരസഖാവ്

       

ഇന്നലെ വാനിൽ പാറിയ ചെങ്കൊടി
കണ്ണിനു കുളിരു പകർന്നെങ്കിൽ
ഇന്നീ മണ്ണിൽ വീണൊരു രക്ത-
തുള്ളികൾ  കണ്ണു നിറക്കില്ലേ ..
ഉശിരും  ഉണർവും വിശ്വാസങ്ങളും
ഉറച്ച വാക്കും വിപ്ലവവും
സിരകളിലേറ്റിയ സ്നേഹിതനിവിടെ
പിടഞ്ഞു വീണു മരിക്കുമ്പോൾ ..
യൗവനമാളും വീരസഖാവിൻ
നെഞ്ചിൽ വാൾമുന താഴ്ത്തീടാൻ    
ഇരുട്ടുമൂടിയ ഇടവഴി തേടിയ
ധീരന്മാരെ ഓർത്തോളൂ ...
കൊന്നുകളഞ്ഞാൽ ചാരംമൂടും
എല്ലിൻ കൂടല്ലീരൂപം
ചോരത്തുള്ളിയിൽ ഉയർത്തെണീക്കും
വീര  സഖാവാണീ ദേഹം ...
പിറകിൽനിന്നും ഒളിച്ചുവന്നി-
ട്ടടിച്ചു വീഴ്ത്തും  ഭീരുത്വം        
പൊറുക്കികില്ലാ  ഞങ്ങൾ സഖാവേ
തെമ്മാടികളുടെ    കാടത്തം ..
ഇരുളിൽ ഓടി മറഞ്ഞിട്ടെങ്ങോ
ഒളിച്ചിരിക്കും കാട്ടാളാ ..            
പകരം വീട്ടാൻ ഇരുളിൻ മറയിൽ
അണിചേർന്നീടില്ലീ ഞങ്ങൾ
കണക്കു തീർക്കാൻ രക്തം ഒഴുക്കാൻ
കഴിവുകളില്ലാത്തോരല്ല.
ചോരപ്പുഴകളിൽ അലിഞ്ഞു ചേരും
മാതൃത്വത്തിൻ കണ്ണീരും
നറുതിലകക്കുറി മായ്ക്കപ്പെട്ടൊരു
നവവധുവിന്റെ മനോഗതവും...
ഇനിയും രക്തം ചിന്തി താളുകൾ
നിണമണിയാതെയിരിക്കാനായ്  
പൊറുക്കുവാനും ഞങ്ങൾ പഠിച്ചു
ചെറു ബാല്യത്തിൻ നാളേക്കായ്....
വാക്കിൽ നോക്കിൽ ചെയ്തിയിലെല്ലാം
വെറുപ്പ് നട്ടുവളർത്തരുതേ
സിരകളിലൊന്നും  വിദ്വേഷത്തിൻ
വിഷം കലർത്തി മരിക്കരുതേ..
കൊന്നു കളഞ്ഞതു് ഞങ്ങടെ നെഞ്ചിലെ
സ്പന്ദനമാണെന്നോർത്തില്ലേ ....
കുത്തിയെടുത്തത് ഞങ്ങടെ ചങ്കിലെ
സൗഹൃദമാണെന്നോർത്തില്ലേ ...
മറക്കുകില്ലാ വീരസഖാവെ
നിന്നാത്മാവിൻ ചങ്കൂറ്റം
മരിക്കുകില്ല ഇനിയും നിങ്ങൾ
ഞങ്ങളിലൂടെ ജീവിക്കും...

Saturday, 21 January 2017

അമരൻ


മഴവില്ലു പാകിയ വഴികളിൽ ഞാനെന്റെ
മിഴികളിൽ സ്വപ്നം നിറച്ചു നടന്നു ...
ഇവിടെയീ മണ്ണിൽ വിതച്ചിടും വിത്തുകൾ
മരമായി മാറുമെന്നാരോ പറഞ്ഞു
പുഴയിലെ തണുവിൽ നനഞ്ഞു ചേർന്നാർദ്രമായ്
അലിയുവാൻ ഉള്ളം കൊതിച്ചു .. ...
മഴപെയ്തു മണ്ണിന്റെ നെഞ്ചം നിറഞ്ഞെന്റെ
ഹൃദയത്തിനുള്ളിലെ കിളി ചിലച്ചു   ...
കരളിൽ കത്തിപ്പടർന്നു കൊണ്ടുയിരിന്റെ
അവസാനമാത്രയും കൊത്തിപ്പറിക്കുന്ന
കഴുകന്റെ കൊക്കിൽ ഒടുങ്ങുകയാണ്‌ ഞാൻ-
മരണം കാത്തു നിൽക്കുമ്പോൾ  ...
ഉദകം നല്കിയും കണ്ണുനീർ വീഴ്ത്തിയും
അവസാന നിദ്രക്കു താരാട്ടു  പാടിയും ...
പ്രിയമാർന്നതൊക്കെയും പാടെ മറന്നു ഞാൻ
മരണമേ എങ്ങിനെ നിന്നെ വരിച്ചിടും ...
തൊടിയിലായ് ഞാൻ നട്ട ചെമ്പകപ്പൂവിന്റെ
ഇതളുകൾ മൊത്തം വിരിഞ്ഞില്ലയെങ്കിലും
ധമനികളിൽ  ഒഴുകുന്ന രക്തബിന്ദുക്കളെൻ
ചുടുവിയർപ്പായിട്ടു  വീണുറഞ്ഞെങ്കിലും ....
കൂട്ടിക്കിഴിച്ചു ഹരിച്ചു ഗുണിച്ചെന്നെ
കൂട്ടാതെ നീ മാത്രമൊന്നു പോയീടുമോ ...
ഒരുതവണ കൂടി നീ തരുമോ എനിക്കെന്റെ
ഹൃദയവും ജീവനും എന്റെ സർവസ്വവും .
പകുതി പങ്കിട്ടു കൊടുത്തു ഞാനപരന്നു ഭൂമിയിൽ
ഒരു നവ ജിവിതം കിട്ടാൻ ...
ഇനിയെന്റെ കണ്ണുകൾ കണ്ണടയായിടും
കരളൊരു കുഞ്ഞിന്റെ ജീവനെകാത്തിടും .
ഒരുപാടു സ്വപ്‌നങ്ങൾ കൂട്ടിവച്ചുള്ളൊരെൻ
ഹൃദയവും ഞാൻ വിട്ടു നൽകാം ....
മരണമേ നീ നിന്റെ തലകുനിച്ചീടുക
തിരികെ മടങ്ങുക ദൂരേക്ക് പോവുക ...
ഇനിയും എൻ കണ്ണുകൾ കാണും
ഇനിയും എൻ ഹൃദയം തുടിക്കും
ഇനിയുമെൻ കരളിന്റെയുള്ളിൽ കിനാക്കളും
പ്രണയവും മൊട്ടിട്ടു നിൽക്കും ....
ഇനിയുമെൻ കരളിന്റെയുള്ളിൽ കിനാക്കളും
പ്രണയവും മൊട്ടിട്ടു നിൽക്കും ....
മരണമേ എന്നേ ജയിക്കുവാനായി നീ
ഇനിയും ജനിക്കുക ഭൂവിൽ ...

നമ്മൾ രണ്ടുപേർ...


ഇനിയെന്ന് കാണും
ഇനിയെന്നു മിണ്ടും
പിരിയുന്നു നാം രണ്ടു വഴിയേ...
പറയാൻ മറന്നവയൊക്കെയും ബാക്കിവച്ച-
കലുന്നു നാം രണ്ടു വഴിയേ...
ഒരുകാലമൊന്നായിരുന്നു നാമെങ്കിലും
ഒരു പാടു കൂട്ടായിരുന്നു നാമെങ്കിലും
പിരിയുകയില്ല നാമെന്നുപണ്ടെപ്പോഴും
പറയുന്ന രണ്ടുപേർ നമ്മൾ -
പിരിയുന്ന രണ്ടുപേർ നമ്മൾ.
ഒരുപാടു രാത്രികൾ
ഒരുപാടു യാത്രകൾ
ഒരുപാടു സ്വപ്ന സഞ്ചാരങ്ങളൊക്കെയും
മറയുന്നൊരോർമ്മതൻ വിങ്ങലായി
ഉയരുന്നു തേങ്ങലിൻ നാദമായി ...
നിഴലായിരുന്നെനിക്കെപ്പോഴും നീ
എന്റെ നിഴലിനെ ഞാൻ മറന്നപ്പോൾ ...
തണലായിരുന്നു നീഎൻ സ്നേഹസൗഹൃദം
തളിരിട്ട മാവ് പൂത്തപ്പോൾ ....
ഒരു മഷിത്തണ്ടിൻ തണുപ്പായിരുന്നു
ഒരു നേർത്ത കാറ്റിൻ കിതപ്പായിരുന്നു
ഒരുമഞ്ഞുതുള്ളിതൻ നിറവായിരുന്നെന്റെ
ഹൃദയവും നീയായിരുന്നു ....
കാലം തൊട്ടു കളിക്കുന്ന നേരത്തു
കാണാമറയാത്തൊളിച്ചു നമ്മൾ
മേഘം വാരിവിതറിയ മാനത്തു
താരകം പോലെ ചിരിച്ച നമ്മൾ ...
ഒന്നും മിണ്ടാതിരിക്കുന്ന കണ്ണുകൾ
കണ്ണോടു നോക്കി ചിരിച്ചോ
കണ്ണിമത്തുമ്പിലെ തുള്ളിയിൽ കണ്ണുനീർ
കണ്ടില്ലെന്നു നടിച്ചോ ...
എവിടെ വെച്ചെങ്കിലും നാമൊന്നു ചേരുമോ
ഇനിയും പിരിയാതിരിക്കാൻ .....

Tuesday, 6 September 2016

വേർപാട് 


ഒരുപാടു ചൊല്ലുവാനില്ലെങ്കിലും ഒരു വാക്കു മിണ്ടാൻ കൊതിച്ചെങ്കിലും  ഒരുവേള കൊണ്ടു നീ എന്നെ തനിച്ചാക്കി
ഹൃദയ കവാടം അടച്ചു ...                    
 മഴ തോർന്ന സായന്തനങ്ങളിൽ ഓർമ്മകൾ തഴുകുവാൻ കാറ്റായിവന്നു..
ഹിമകണം മൂടിയ ജാലകച്ചില്ല്‌ പോൽ ഹൃദയവും സ്മൃതികളും ഞാനും..   
ഒരു വിരൽത്തുമ്പിനാൽ തഴുകവേ മായുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ  മറുവാക്ക് ചൊല്ലി നീ അകലുന്ന നേരമിന്നെവിടെയോ മറയുന്നുഞാനും....
ഇല പൊഴിഞ്ഞേതോ മരത്തിന്റെ കൊമ്പിലെ കരിയിലക്കിളിയൊന്നു പാടി                          
                സമയമേ നിൻ രഥം ഒരു വേള പിന്നോട്ട് വരുവാൻ കഴിഞ്ഞിരുന്നെങ്കിൽ.  
                            പ്രണയം വിടർന്നോരാ പഴയ വാസന്തത്തിൽ അലിയാൻ കഴിഞ്ഞിരുന്നെങ്കിൽ ....  
  അവിടെ ഞാൻ ഒറ്റയാവില്ല.
    അവിടെന്റെ പൂക്കൾ വാടില്ല ..
        അവിടെന്റെ നൊമ്പരം ആളിപ്പടർന്നശ്രു പൊഴിയുന്ന മിഴികളാവില്ല
                        ഇനിയീ പഴമ്പാട്ടിനാർത്ഥമില്ലെങ്കിലും  ഇടറും ഹൃദന്തമേ പാടു...  
                  ചെവി തരാൻ ശ്രോതാക്കൾ ഇല്ലെങ്കിലും കാറ്റിൽ 
                അലിയാം അലിഞ്ഞിടാം മൂകം ...

.....വിടപറയും ഈറൻ നിലാവേ നിനക്കെന്റെ ഹൃദയം ചൊല്ലുന്നു നന്ദി.........


 


ഒടുവിൽ ഈ വർഷത്തിൻ അന്ത്യ യാമാത്തിലെൻ
അരികിൽ നീ മാത്രം എത്തി 
കളി പറഞ്ഞെന്നോട് കൂടെ നടന്നവർ
വഴി മറന്നെന്നെ പിരിഞ്ഞു
സ്മൃതികളിൽ മറവിതൻ മേലാപ്പ് ചാർത്തിയെൻ
മുഖമവർ പാടെ മറച്ചു
എന്റെ വാക്കിന്നായ് കാതുകൾ തന്നവർ എന്റെ നോട്ടത്തിലൂടൂർജ്ജം നിറച്ചവർ എൻ നിഴൽ പോലേ എന്നെ തുടർന്നവർ
എന്റെ രക്തത്തിനു ദാഹിച്ചു നിന്നവർ
എന്നെ ഒറ്റി ക്കൊടുത്തവർ  വാക്കിനാൽ എൻ മനസ്സിനെ  കുത്തിനോവിച്ചവർ     
എന്നെവിട്ടു പിരിഞ്ഞു പോവില്ലെന്നു
കണ്‍ നിറഞ്ഞു കരഞ്ഞു പറഞ്ഞവർ
എന്ടെ നൊമ്പരപ്പൂക്കളെ തൊട്ടവർ
എന്റെ ചിന്തക്ക് ജീവൻ പകർന്നവർ
എന്റെ വാക്കിനു ശബ്ദമായ് തീർന്നവർ
എന്റെ ജീവനും ആത്മാവുതന്നവർ
ഇന്നു രാവിന്റെ നെഞ്ചിൽ മയങ്ങിടും ചന്ദ്ര ലേഖ പോൽ എൻ മനസാക്ഷിയും ..
മിന്നി മാഞ്ഞും തെളിഞ്ഞും നിലാവിന്റെ മഞ്ഞു പാളിയിൽ പുഞ്ചിരിതൂകവേ
പിന്തിരിഞ്ഞു ഞാൻ മൌ നമായ് നോക്കവേ പിന്നിലാരെയും കണ്ടില്ല കൂട്ടിനായ്   ഇന്നു രാത്രി കൊഴിഞ്ഞു പുത്‌വർഷ മിന്നു വന്നു നിറഞ്ഞു നന്ദി ചൊല്ലുന്നു ഞാൻ എന്റെ കൂട്ടിനായ് വന്ന വന്നൊരീറൻ നിലാ  മഞ്ഞുതുള്ളിയെ