ഇനിയെന്ന് കാണും
ഇനിയെന്നു മിണ്ടും
പിരിയുന്നു നാം രണ്ടു വഴിയേ...
പറയാൻ മറന്നവയൊക്കെയും ബാക്കിവച്ച-
കലുന്നു നാം രണ്ടു വഴിയേ...
ഒരുകാലമൊന്നായിരുന്നു നാമെങ്കിലും
ഒരു പാടു കൂട്ടായിരുന്നു നാമെങ്കിലും
പിരിയുകയില്ല നാമെന്നുപണ്ടെപ്പോഴും
പറയുന്ന രണ്ടുപേർ നമ്മൾ -
പിരിയുന്ന രണ്ടുപേർ നമ്മൾ.
ഒരുപാടു രാത്രികൾ
ഒരുപാടു യാത്രകൾ
ഒരുപാടു സ്വപ്ന സഞ്ചാരങ്ങളൊക്കെയും
മറയുന്നൊരോർമ്മതൻ വിങ്ങലായി
ഉയരുന്നു തേങ്ങലിൻ നാദമായി ...
നിഴലായിരുന്നെനിക്കെപ്പോഴും നീ
എന്റെ നിഴലിനെ ഞാൻ മറന്നപ്പോൾ ...
തണലായിരുന്നു നീഎൻ സ്നേഹസൗഹൃദം
തളിരിട്ട മാവ് പൂത്തപ്പോൾ ....
ഒരു മഷിത്തണ്ടിൻ തണുപ്പായിരുന്നു
ഒരു നേർത്ത കാറ്റിൻ കിതപ്പായിരുന്നു
ഒരുമഞ്ഞുതുള്ളിതൻ നിറവായിരുന്നെന്റെ
ഹൃദയവും നീയായിരുന്നു ....
കാലം തൊട്ടു കളിക്കുന്ന നേരത്തു
കാണാമറയാത്തൊളിച്ചു നമ്മൾ
മേഘം വാരിവിതറിയ മാനത്തു
താരകം പോലെ ചിരിച്ച നമ്മൾ ...
ഒന്നും മിണ്ടാതിരിക്കുന്ന കണ്ണുകൾ
കണ്ണോടു നോക്കി ചിരിച്ചോ
കണ്ണിമത്തുമ്പിലെ തുള്ളിയിൽ കണ്ണുനീർ
കണ്ടില്ലെന്നു നടിച്ചോ ...
എവിടെ വെച്ചെങ്കിലും നാമൊന്നു ചേരുമോ
ഇനിയും പിരിയാതിരിക്കാൻ .....
No comments:
Post a Comment