ഇന്നലെ വാനിൽ പാറിയ ചെങ്കൊടി
കണ്ണിനു കുളിരു പകർന്നെങ്കിൽ
ഇന്നീ മണ്ണിൽ വീണൊരു രക്ത-
തുള്ളികൾ കണ്ണു നിറക്കില്ലേ ..
ഉശിരും ഉണർവും വിശ്വാസങ്ങളും
ഉറച്ച വാക്കും വിപ്ലവവും
സിരകളിലേറ്റിയ സ്നേഹിതനിവിടെ
പിടഞ്ഞു വീണു മരിക്കുമ്പോൾ ..
യൗവനമാളും വീരസഖാവിൻ
നെഞ്ചിൽ വാൾമുന താഴ്ത്തീടാൻ
ഇരുട്ടുമൂടിയ ഇടവഴി തേടിയ
ധീരന്മാരെ ഓർത്തോളൂ ...
കൊന്നുകളഞ്ഞാൽ ചാരംമൂടും
എല്ലിൻ കൂടല്ലീരൂപം
ചോരത്തുള്ളിയിൽ ഉയർത്തെണീക്കും
വീര സഖാവാണീ ദേഹം ...
പിറകിൽനിന്നും ഒളിച്ചുവന്നി-
ട്ടടിച്ചു വീഴ്ത്തും ഭീരുത്വം
പൊറുക്കികില്ലാ ഞങ്ങൾ സഖാവേ
തെമ്മാടികളുടെ കാടത്തം ..
ഇരുളിൽ ഓടി മറഞ്ഞിട്ടെങ്ങോ
ഒളിച്ചിരിക്കും കാട്ടാളാ ..
പകരം വീട്ടാൻ ഇരുളിൻ മറയിൽ
അണിചേർന്നീടില്ലീ ഞങ്ങൾ
കണക്കു തീർക്കാൻ രക്തം ഒഴുക്കാൻ
കഴിവുകളില്ലാത്തോരല്ല.
ചോരപ്പുഴകളിൽ അലിഞ്ഞു ചേരും
മാതൃത്വത്തിൻ കണ്ണീരും
നറുതിലകക്കുറി മായ്ക്കപ്പെട്ടൊരു
നവവധുവിന്റെ മനോഗതവും...
ഇനിയും രക്തം ചിന്തി താളുകൾ
നിണമണിയാതെയിരിക്കാനായ്
പൊറുക്കുവാനും ഞങ്ങൾ പഠിച്ചു
ചെറു ബാല്യത്തിൻ നാളേക്കായ്....
വാക്കിൽ നോക്കിൽ ചെയ്തിയിലെല്ലാം
വെറുപ്പ് നട്ടുവളർത്തരുതേ
സിരകളിലൊന്നും വിദ്വേഷത്തിൻ
വിഷം കലർത്തി മരിക്കരുതേ..
കൊന്നു കളഞ്ഞതു് ഞങ്ങടെ നെഞ്ചിലെ
സ്പന്ദനമാണെന്നോർത്തില്ലേ ....
കുത്തിയെടുത്തത് ഞങ്ങടെ ചങ്കിലെ
സൗഹൃദമാണെന്നോർത്തില്ലേ ...
മറക്കുകില്ലാ വീരസഖാവെ
നിന്നാത്മാവിൻ ചങ്കൂറ്റം
മരിക്കുകില്ല ഇനിയും നിങ്ങൾ
ഞങ്ങളിലൂടെ ജീവിക്കും...
No comments:
Post a Comment