Saturday, 21 January 2017

അമരൻ


മഴവില്ലു പാകിയ വഴികളിൽ ഞാനെന്റെ
മിഴികളിൽ സ്വപ്നം നിറച്ചു നടന്നു ...
ഇവിടെയീ മണ്ണിൽ വിതച്ചിടും വിത്തുകൾ
മരമായി മാറുമെന്നാരോ പറഞ്ഞു
പുഴയിലെ തണുവിൽ നനഞ്ഞു ചേർന്നാർദ്രമായ്
അലിയുവാൻ ഉള്ളം കൊതിച്ചു .. ...
മഴപെയ്തു മണ്ണിന്റെ നെഞ്ചം നിറഞ്ഞെന്റെ
ഹൃദയത്തിനുള്ളിലെ കിളി ചിലച്ചു   ...
കരളിൽ കത്തിപ്പടർന്നു കൊണ്ടുയിരിന്റെ
അവസാനമാത്രയും കൊത്തിപ്പറിക്കുന്ന
കഴുകന്റെ കൊക്കിൽ ഒടുങ്ങുകയാണ്‌ ഞാൻ-
മരണം കാത്തു നിൽക്കുമ്പോൾ  ...
ഉദകം നല്കിയും കണ്ണുനീർ വീഴ്ത്തിയും
അവസാന നിദ്രക്കു താരാട്ടു  പാടിയും ...
പ്രിയമാർന്നതൊക്കെയും പാടെ മറന്നു ഞാൻ
മരണമേ എങ്ങിനെ നിന്നെ വരിച്ചിടും ...
തൊടിയിലായ് ഞാൻ നട്ട ചെമ്പകപ്പൂവിന്റെ
ഇതളുകൾ മൊത്തം വിരിഞ്ഞില്ലയെങ്കിലും
ധമനികളിൽ  ഒഴുകുന്ന രക്തബിന്ദുക്കളെൻ
ചുടുവിയർപ്പായിട്ടു  വീണുറഞ്ഞെങ്കിലും ....
കൂട്ടിക്കിഴിച്ചു ഹരിച്ചു ഗുണിച്ചെന്നെ
കൂട്ടാതെ നീ മാത്രമൊന്നു പോയീടുമോ ...
ഒരുതവണ കൂടി നീ തരുമോ എനിക്കെന്റെ
ഹൃദയവും ജീവനും എന്റെ സർവസ്വവും .
പകുതി പങ്കിട്ടു കൊടുത്തു ഞാനപരന്നു ഭൂമിയിൽ
ഒരു നവ ജിവിതം കിട്ടാൻ ...
ഇനിയെന്റെ കണ്ണുകൾ കണ്ണടയായിടും
കരളൊരു കുഞ്ഞിന്റെ ജീവനെകാത്തിടും .
ഒരുപാടു സ്വപ്‌നങ്ങൾ കൂട്ടിവച്ചുള്ളൊരെൻ
ഹൃദയവും ഞാൻ വിട്ടു നൽകാം ....
മരണമേ നീ നിന്റെ തലകുനിച്ചീടുക
തിരികെ മടങ്ങുക ദൂരേക്ക് പോവുക ...
ഇനിയും എൻ കണ്ണുകൾ കാണും
ഇനിയും എൻ ഹൃദയം തുടിക്കും
ഇനിയുമെൻ കരളിന്റെയുള്ളിൽ കിനാക്കളും
പ്രണയവും മൊട്ടിട്ടു നിൽക്കും ....
ഇനിയുമെൻ കരളിന്റെയുള്ളിൽ കിനാക്കളും
പ്രണയവും മൊട്ടിട്ടു നിൽക്കും ....
മരണമേ എന്നേ ജയിക്കുവാനായി നീ
ഇനിയും ജനിക്കുക ഭൂവിൽ ...

No comments:

Post a Comment