ഇനിയും ഉറങ്ങാൻ ഇരുൾതന്നോരെൻ
ഇരവേ ചൊല്ലാം നന്ദി ...
മിഴികൾ പൂട്ടി നിഗൂഢതയേറും
പുതിയൊരു ലോകം കാണാൻ
പതിവായെന്നുടെ അരികിൽ വന്നു
തലോടുകയെന്നെ പതിയെ ...
നമുക്കുനാളെ ഉദയം നീട്ടും
പുതിയദിനത്തിന് നൽകാൻ
ഒരുക്കിവെക്കാം സ്വപ്നംനെയ്യും
പ്രതീക്ഷതൻ കുപ്പായം
കണ്ടുമടുത്ത മുഖങ്ങൾ മാറ്റാം
കണ്ണീർച്ചാലും മായ്‌ക്കാം
സുന്ദരമേതോ സ്വപ്നത്തിന്റെ
സുഖലാളനയിലുറങ്ങാം ..
ഓർമ്മകളിൽ പണ്ടെങ്ങോ നിർത്തിയ
ഗാനം വീണ്ടും പാടാം
കരിഞ്ഞുണങ്ങിയ കിനാക്കളെല്ലാം
കുളിരാൽ നട്ടു നനയ്ക്കാം ...
വെറുതേ കത്തിയെരിഞ്ഞൊരു പകലിൻ
വെണ്ണീറിട്ടു വളർത്താം ..
മിഴികളിൽ എല്ലാം ഇന്ദ്രധനുസ്സിൻ
നിറങ്ങൾ വാരി വിതയ്ക്കാം .
പിടിച്ചുകെട്ടാം സ്മരണകൾ പൂട്ടിയ
സമയ രഥത്തെ വീണ്ടും ...
ഇനിയീ ഇരവിൽ നിദ്രയിലിപ്പോൾ
ഹൃദയം കൊണ്ടു ചലിക്കാം ...
വെയിലിൽ ഓടിത്തളർന്ന പാദം
ഉറങ്ങിടട്ടേ മൂകം .....

No comments:
Post a Comment